District News
കോഴിക്കോട്: ദേശീയപാത രാമനാട്ടുകര-വെങ്ങളം റീച്ചിലെ സർവീസ് റോഡിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തലക്കുളത്തൂർ പുറക്കാട്ടിരി താഴത്തേയിൽ കനകശ്രീയിൽ ജി.നിർമൽ (31) ആണ് മരിച്ചത്.
മലാപ്പറമ്പ് സർവീസ് റോഡിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഭാഗത്ത് നിർമൽ സഞ്ചരിച്ച സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ചാണ് അപകടം ഉണ്ടായത്.
പുറക്കാട്ടേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി നിർമലിനെ ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലാണുള്ളത്. നിർമാണം നടത്തുന്ന ഭാഗത്ത് വ്യക്തമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും മണ്ണുമാന്തി യന്ത്രത്തിൽ പാര്ക്കിംഗ് ലൈറ്റുകൾ തെളിക്കാത്തതുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.
Kerala
കാസർഗോഡ്: സർവീസ് റോഡുകളിൽ നിന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനു ട്രാഫിക് നിയന്ത്രണങ്ങളുണ്ടെന്നും കാൽനടയാത്രക്കാർ ദേശീയപാത മുറിച്ചുകടക്കരുതെന്നും അധികൃതർ പലതവണ മുന്നറിയിപ്പ് നൽകുന്നതാണ്. പക്ഷേ, മനുഷ്യർ തന്നെ പലപ്പോഴും ഇതൊന്നും വകവയ്ക്കാതെ അപകടങ്ങൾ വരുത്തിവയ്ക്കുന്ന കാലത്ത് പോത്തുകളോടു നിയമമോതിയിട്ട് കാര്യമില്ലല്ലോ.
ഇന്നലെ ഉച്ചകഴിഞ്ഞ് കാസർഗോഡിനു സമീപം ഏരിയാലിൽ പുതിയ ദേശീയപാതയിലൂടെ അലസഗമനം നടത്തിയ പോത്തുകൾ മണിക്കൂറുകളോളമാണു ഗതാഗതതടസം സൃഷ്ടിച്ചത്. ഇരുവശങ്ങളിലും പാർശ്വഭിത്തികളുള്ള ദേശീയപാതയിൽനിന്ന് ഇവയെ പുറത്തെത്തിക്കാനും പാടായതിനാൽ നാലു കിലോമീറ്ററോളം ദൂരം അഗ്നിരക്ഷാസേനാംഗങ്ങൾ ഇവയ്ക്കൊപ്പം നടക്കേണ്ടി വന്നു.
ഏരിയാൽ വയലിൽ മേയാൻ വിട്ടിരുന്ന 12 പോത്തുകളടങ്ങിയ കൂട്ടമാണ് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പുല്ലുതിന്ന് വയറുനിറഞ്ഞപ്പോൾ ദേശീയപാത സന്ദർശിക്കാനിറങ്ങിയത്. അടുക്കത്ത് വയലിൽനിന്ന് ഏരിയാൽ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് ഇവ ദേശീയപാതയിലേക്കു കയറിയത്.
കയറിക്കഴിഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതെ ഏരിയാലിൽനിന്ന് കാസർഗോഡ് ഭാഗത്തേക്കു നടന്നുനീങ്ങുകയായിരുന്നു. പോത്തുകൾ ദേശീയപാതയിലൂടെ നടന്നുനീങ്ങുന്നതു കണ്ട വഴിയാത്രക്കാരാണു കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ പോത്തുകളെ പരമാവധി നിയന്ത്രിച്ച് ദേശീയപാതയുടെ ഒരരികിലേക്കു മാറ്റി.
അണങ്കൂരിൽനിന്നു സർവീസ് റോഡിലേക്ക് ഇറക്കിയതിനു ശേഷം അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കു മാറ്റി 12 പോത്തുകളെയും നാട്ടുകാരുടെ സഹായത്തോടെ കെട്ടിയിട്ടതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. പോത്തുകളെ അശ്രദ്ധമായി അഴിച്ചുവിട്ടതിനു പോലീസ് ഉടമകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
District News
അമ്പലപ്പുഴ: സര്വീസ് റോഡില് ഗര്ത്തം. വാഹനയാത്രക്കാരുടെ നടുവൊടിയുന്നു. ദേശീയപാതയില് കരൂര് ജംഗ്ഷനു സമീപമാണ് സര്വീസ് റോഡ് തകര്ന്നുകിടക്കുന്നത്. ഏതാനും നാള് മുന്പാണ് ഇവിടെ സര്വീസ് റോഡ് നിര്മാണം പൂര്ത്തീകരിച്ചത്. എന്നാല്, ദിവസങ്ങള്ക്കകം റോഡ് തകരുകയായിരുന്നു.
ഈ ഭാഗത്ത് ടാര് ഇളകി മെറ്റിലുകള് മാത്രമാണുള്ളത്. രാത്രി കാലങ്ങളില് കുഴിയില് വീണ് ഇരുചക്രവാഹനക്കാര്ക്കടക്കം പരിക്കേല്ക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്.
മഴപെയ്താല് റോഡേത് കുഴിയേത് എന്ന് തിരിച്ചറിയാന് കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി ഇതിനു പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
District News
വടക്കഞ്ചേരി: ദേശീയപാത വടക്കഞ്ചേരി റോയൽ ജംഗ്ഷൻ മുതൽ മംഗലംപാലം വരെയുള്ള ഇരുന്നൂറ് മീറ്ററോളംദൂരം തൃശൂർ ലൈനിനോടുചേർന്നുള്ള സർവീസ് റോഡിന്റെ നിർമാണപ്രവൃത്തികൾ തുടങ്ങി.
മംഗലംപാലം ഭാഗത്ത് നിലവിലെ പാലത്തിലേക്കു കൂട്ടിമുട്ടിച്ചാണ് സർവീസ് റോഡ് നിർമാണം നടത്തുക. പാലം വീതികൂട്ടിയുള്ള വർക്കുകൾ പിന്നീട് ആലോചിക്കും. സർവീസ് റോഡ് കൂട്ടിമുട്ടുന്നതോടെ അഞ്ചുമൂർത്തിമംഗലം ദൃശ്യമാർബിൾ ജംഗ്ഷൻ മുതൽ തേനിടുക്കുവരെ തൃശൂർ ലൈനിനോട് ചേർന്ന് സർവീസ് റോഡാകും.
സർവീസ് റോഡ് നിർമാണത്തിന്റെ ഭാഗമായി ഇനിയും പൊളിച്ചുനീക്കാത്ത റോയൽ ജംഗ്ഷനടുത്ത വീട് വിവിധ വകുപ്പുമേധാവികളുടെ നേതൃത്വത്തിൽ പോലീസ് സഹായത്തോടെ ഇന്നലെ പൊളിച്ചുനീക്കാൻ തുടങ്ങി. ഇരുനില വീടിന്റെ പകുതിയോളം ഭാഗവും ദേശീയപാത വികസനത്തിനായി ഏറ്റെടുത്തതാണെന്നാണ് കണ്ടെത്തൽ.
സ്ഥലത്തിന്റെ നഷ്ടപരിഹാര തുകയും വീട്ടുകാർ കൈപ്പറ്റിയിരുന്നു. കൈയേറ്റം സംബന്ധിച്ച് വീട്ടുകാരെ പല തവണ ബോധ്യപ്പെടുത്തിയിട്ടും സ്വയം ഒഴിഞ്ഞുപോകാത്തതിനെ തുടർന്നാണ് വകുപ്പുകളുടെ നടപടിയുണ്ടായത്.
തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യു അധികൃതരും സിഐ കെ. പി. ബെന്നി, എസ്ഐ സാജു എന്നിവരുടെ നേതൃത്വത്തിൽ പോലീസും നാഷണൽ ഹൈവെ അഥോറിറ്റിയും കരാർ കമ്പനിക്കാരും സ്ഥലം ഒഴിപ്പിക്കാൻ എത്തിയിരുന്നു.
വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാതയിൽ 60 കിലോമീറ്ററിനുള്ളിലെ ഒഴിപ്പിക്കൽ നടപടി ഇതോടെ പൂർത്തിയായതായി അധികൃതർ പറഞ്ഞു.